Kerala
വയനാട്: ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട പാലാ കോടതിയുടെ വിധി സംസ്ഥാന സർക്കാരിന് തിരിച്ചടിയല്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ. നടപടിക്രമങ്ങളിലെ വീഴ്ചയാണ് ഇപ്പോൾ ഉന്നയിക്കപ്പെട്ടതെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചല്ല വിധിയെന്നും രാജൻ പറഞ്ഞു. വയനാട്ടിൽ നിർമിക്കുന്ന ടൗൺഷിപ്പ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായി സർക്കാർ കണ്ടുവച്ച സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റ്. എന്നാൽ സർക്കാർ അവകാശം ഉന്നയിച്ച 2263 ഏക്കർ സർക്കാർ ഭൂമിയല്ലെന്ന് വ്യക്തമാക്കിയാണ് പാലാ കോടതി ഹര്‍ജി തള്ളിയത്. ഇതോടെ ശബരിമല വിമാനത്താവള പദ്ധതിയുടെ ഭാവിയും അനിശ്ചിതത്വത്തിലായി.
ഇനി മേൽക്കോടതിയിൽ നിന്ന് സർക്കാർ വാദം ശരിവച്ചാലേ ഭൂമി ഏറ്റെടുക്കലുമായി സർക്കാരിന് മുന്നോട്ട് പോകാനാവൂ. എസ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ട് അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാദങ്ങള്‍ പാലാ കോടതി ശരിവച്ചതോടെയാണിത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2263 ഏക്കർ ഭൂമിയിലാണ് സർക്കാർ അവകാശം ഉന്നയിച്ചത്.
അയന ചാരിറ്റബിൾ ട്രസ്റ്റ്, ഹാരിസൺ മലയാളം എന്നിരാണ് കേസിലെ എതിര് കക്ഷികള്‍. 2019 ൽ തുടങ്ങിയതാണ് ഈ കേസ്. ഇതിലാണ് ഇപ്പോൾ സര്‍ക്കാരിന്റെ അവകാശവാദം കോടതി തള്ളിയത്.
Kerala
കൊച്ചി: മുനമ്പം ഭൂസംരക്ഷണ സമിതിയുടെ സമരം ഇന്ന് അവസാനിക്കും. താമസക്കാര്‍ക്ക് വ്യവസ്ഥകളോടെ ഭൂനികുതി അടയ്ക്കാമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സമരസമിതി സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
മന്ത്രിമാരായ പി. രാജീവും കെ.രാജനും ഇന്ന് ഉച്ചയോടെ സമരപന്തലിൽ എത്തും. 2.30ഓടെ ഇരുവരും സമപന്തലിലെത്തി സമരമിരിക്കുന്നവർക്ക് നാരാങ്ങാ നീര് നൽകി സമരം അവസാനിപ്പിക്കും. എന്നാൽ ബിജെപി നേതൃത്വത്തിൽ ഒരു വിഭാഗം സമരത്തിന് തിങ്കളാഴ്ച തുടക്കമിടും.
കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഉത്തരവോടെ കുടുംബങ്ങൾക്ക് കരമടയ്ക്കാൻ പറ്റിയിരുന്നു. ഭൂമി പോക്കുവരവിനും സാധ്യമായിട്ടുണ്ട്. ഇതേ തുടർന്നാണ് നിലവിൽ ഭൂരിപക്ഷം പേരും പങ്കാളികളായിട്ടുള്ള ഭൂസംരക്ഷണ സമിതി സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
District News
പത്തനംതിട്ട: പട്ടയം ലഭ്യമാക്കുന്നതിന്റെ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ടര ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചതായി മന്ത്രി കെ രാജൻ. നെടുമ്പ്രം, കോന്നി ഐരവണ്‍ സ്മാര്‍ട്ട് വില്ലേജുകളുടെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. റീസര്‍വേ നടപടി പൂര്‍ണമായും ഡിജിറ്റലാക്കിയതോടെ ഭൂമിയുടെ അളവ്, കൈമാറ്റം തുടങ്ങിയ വിവരങ്ങള്‍ ഒറ്റ പോര്‍ട്ടലില്‍ ലഭ്യമായി.
രജിസ്ട്രേഷന് വകുപ്പിന്റെ പേള്‍, റവന്യൂ വകുപ്പിന്റെ റിലീസ്, സര്‍വേ വകുപ്പിന്റെ ഇ മാപ് പോര്‍ട്ടലുകള്‍ സംയോജിപ്പിച്ച് എന്റെ ഭൂമി പോര്‍ട്ടല്‍ സംവിധാനത്തിലൂടെ ഭൂമി ക്രയവിക്രയം എളുപ്പമാക്കി. എല്ലാവര്ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവക്യത്തോടെ റവന്യു വകുപ്പ് ശ്രദ്ധേയവും വിപ്ലവകരവുമായ പ്രവര്‍ത്തനം നടത്തുന്നു. പുതിയതായി ഭരണാനുമതി ലഭിച്ച 190 വില്ലേജുകളില്‍ 32 എണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
നെടുമ്പ്രം ഉണ്ടപ്ലാവ് എന്‍എസ്എസ് കരയോഗ മന്ദിരം ഹാളില്‍ നടന്ന നെടുമ്പ്രം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനത്തില്‍ മാത്യു ടി.തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അനു, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി, ജില്ലാ പഞ്ചായത്തംഗം മായ അനില്‍കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പ്രസംഗിച്ചു. കോന്നി മുരിങ്ങമംഗലം ശബരി ഓഡിറ്റോറിയത്തില്‍ നടന്ന ഐരവണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനത്തില്‍ കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്തംഗം തുളസീമണിയമ്മ, അരുവാപ്പുലം ഗ്രാമപഞ്ചായത്തംഗം വി. ശരീകുമാര്, കോന്നി ഗ്രാമപഞ്ചായത്തംഗങ്ങളായ ജിഷ ജയകുമാർ, പുഷ്പ ഉത്തമന്, എഡിഎം ബി ജ്യോതി, കോന്നി തഹസില്‍ദാര്‍ സിനി മോള് എന്നിവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ എഡിജിപി അജിത് കുമാറിനെതിരെ റവന്യൂ മന്ത്രി കെ.രാജൻ മൊഴി നൽകി. ചില രാഷ്ട്രീയതാത്പര്യങ്ങൾക്കായി പൂരം കലക്കാനായി ഗൂഢാലോചന നടന്നെന്ന് മന്ത്രി പറഞ്ഞു.
പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ ജനപ്രതിനിധികൾ എന്ന നിലയിൽ പല കാര്യങ്ങളിലും ഇടപെടുന്നതിന് പരിമിതികൾ ഉണ്ടായിരുന്നു. ഈ സാഹചര്യം മുതലാക്കി ചില ഗൂഢാലോചനകൾ നടന്നെന്ന് മൊഴിയിൽ പറയുന്നു.
പല തവണ വിളിച്ചിട്ടും അജിത്കുമാർ ഫോൺ എടുത്തില്ലെന്നും മൊഴിയിലുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ അടക്കമുള്ളവരുടെ ഭാഗത്തുനിന്ന് ദേവസ്വങ്ങളുമായി പ്രശ്നം ഉണ്ടായപ്പോള്‍ അക്കാര്യം എഡിജിപിയെ നേരത്തേ തന്നെ അറിയിച്ചതാണ്. ഉന്നത ഉദ്യോഗസ്ഥനെന്ന നിലയില്‍ സ്ഥലത്തുണ്ടാകണമെന്ന് അറിയിക്കുകയും താന്‍ ഉണ്ടാകുമെന്ന് എഡിജിപി ഉറപ്പ് നല്‍കുകയും ചെയ്തതാണ്.
എന്നാല്‍ പൂരം കലങ്ങിയതിന് ശേഷം എഡിജിപിയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കോള്‍ എടുക്കുകയോ തിരികെ വിളിക്കുകയോ ചെയ്തില്ല. എഡിജിപി ഒരു സ്വകാര്യ യാത്രയിലായിരുന്നെന്നാണ് പിന്നീട് അന്വേഷിച്ചപ്പോള്‍ അറിഞ്ഞതെന്നും മന്ത്രി മൊഴി നല്കി.
ബുധനാഴ്ച രാത്രി പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ തോംസൺ ജോസാണ് മന്ത്രിയുടെ മൊഴിയെടുത്തത്. കേസിൽ നേരത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.